ലോകചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത സാമ്രാജ്യമാണ് ഓട്ടോമന്‍ സാമ്രാജ്യം അഥവാ ഉസ്മാനിയ ഖിലാഫത്ത് (ക്രി.1299-1994). കാലഘട്ടത്തിന്റെ ദൈര്‍ഘ്യം, രാജ്യവിസ്തൃതി, യോഗ്യരായ ഭരണാധികാരികള്‍ എന്നിവയില്‍ ഇസ്‌ലാമിക ചരിത്രത്തിലും അനുപമമാണ് ഉസ്മാനിയ ഭരണകൂടം.
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ വന്‍കരകളില്‍ വ്യാപിച്ചുകിടന്ന സാമ്രാജ്യം. ആറര നൂറ്റാണ്ടുകാലം നീണ്ടുനിന്ന ഭരണം. വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും ജറൂസലമും ഉള്‍പ്പെടുന്ന ലോകത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളായ ബഗ്ദാദും ദമസ്‌കസും കെയ്‌റോയും എല്ലാം ഈ ഭരണത്തിന്‍ കീഴില്‍ വന്നു. യുഫ്രട്ടീസ്, ടൈഗ്രീസ്, നൈല്‍, ഡാന്യൂബ് നദികള്‍, തൂര്‍, ബാള്‍ക്കന്‍, ഖാഫ്, അറ്റ്‌ലസ് പര്‍വതങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന വിശാലമായ സാമ്രാജ്യം.
തുര്‍ക്കി സുല്‍ത്താന്‍മാര്‍, റൂമി സുല്‍ത്താന്‍മാര്‍, ഉസ്മാനിയ ഖലീഫമാര്‍ എന്നീ പേരുകളിലെല്ലാം ചരിത്രം പരിചയപ്പെടുത്തിയ 37 പേരാണ് ഉസ്മാനിയാ സാമ്രാജ്യത്തിന്റെ ചെങ്കോലേന്തിയത്.
മധ്യേഷ്യയില്‍ നിന്നാണ് തുര്‍ക്കികള്‍ ഏഷ്യാ മൈനറിലെത്തുന്നത്. അബ്ബാസി ഖിലാഫത്തിന്റെ ആരംഭകാലത്ത് ഇവര്‍ ഇറാഖ്, സിറിയ, ഈജിപ്ത് എന്നിവിടങ്ങളില്‍ കുടിയേറിപ്പാര്‍ക്കുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
കാലം ചെന്നപ്പോള്‍ ഇവര്‍ മെല്ലെ സൈനിക, ഭരണ രംഗങ്ങളില്‍ കയറുകയും ധീരതകൊണ്ടും ഭരണപാടവം കൊണ്ടും ഖലീഫമാരുടെ മനം കവരുകയും ചെയ്തു. അബ്ബാസി ഖലീഫ അല്‍ മുഅ്തസിം തുര്‍ക്കി സേന തന്നെ രൂപീകരിച്ചിരുന്നു. പില്‍ക്കാലത്ത് ഈ സേന തന്നെ അധികാരം നടത്തുന്ന സ്ഥിതിവരെയുണ്ടായി. പതിനൊന്നാം നൂറ്റാണ്ടിലെ സല്‍ജൂക്കി തുര്‍ക്കികളുടെ ഭരണവും പതിമൂന്നാം നൂറ്റാണ്ടിലെ തുര്‍ക്കി അടിമകളുടെ ഭരണവും ഇതിന്റെ സ്വാധീനങ്ങളാണ്.
പതിമൂന്നാം നൂറ്റാണ്ടിന്റെ ഉദയകാലം. കുരിശാക്രമണത്തെ തുടര്‍ന്ന് നാടുവിട്ട സുലൈമാന്‍ വധിക്കപ്പെട്ടു. മകന്‍ അര്‍തുഗ്‌റുല്‍ ഏഷ്യാ മൈനറിലെത്തി. ഈ സമയം അങ്കാറയിലെത്തിയ മംഗോളിയര്‍ സല്‍ജൂക്ക് അമീര്‍ അലാഉദ്ദീന്‍ ഖില്‍ജിയുമായി കനത്ത പോരാട്ടം നടത്തുകയായിരുന്നു. അലാഉദ്ദീന്റെ സൈന്യത്തിന്റെ എത്രയോ ഇരട്ടിയായിരുന്നു മംഗോള്‍ സേന. ഇതുകണ്ട് മനസ്സലിഞ്ഞ അര്‍തുഗ്‌റല്‍ തന്നോടൊപ്പമുണ്ടായിരുന്ന അഞ്ഞൂറോളം കുതിരപ്പടയാളികളെയും കുട്ടി സല്‍ജൂക്ക് അമീറിന്റെ പക്ഷത്തു ചേര്‍ന്നു. ഇവരുടെ സാഹസിക കൃത്യത്തിനു മുന്നില്‍ മംഗോള്‍പട തോല്‌വി രുചിച്ചു. സന്തുഷ്ടനായ അമീര്‍ അലാഉദ്ദീന്‍ തന്റെ ഭരണത്തിനു കീഴിലെ ഒരു പ്രവിശ്യ അര്‍തുഗ്‌റലിനു ദാനം ചെയ്തു.
ഏതാനും വര്‍ഷങ്ങള്‍ കടന്നുപോയി. അര്‍തുഗ്‌റുല്‍ അന്തരിച്ചു. ക്രി. 1288ല്‍ പിതാവിന്റെ എല്ലാ അധികാരങ്ങളും പതിച്ചുനല്‍കി കൊണ്ട് അര്‍തുഗ്‌റുലിന്റെ മകന്‍ ഉസ്മാനെ അമീര്‍ അലാഉദ്ദീന്‍ വാഴിച്ചു.
പിതാവിന്റെ പാരമ്പര്യത്തെ തിരുത്തിയെഴുതി ഉസ്മാന്‍ ബൈസന്ത്യന്‍ സാമ്രാജ്യത്തിലൂടെ ജൈത്രയാത്ര നടത്തി. പിടിച്ചെടുക്കപ്പെട്ട പ്രദേശങ്ങളിലെ അധികാരവും അമീര്‍ ഉസ്മാനുതന്നെ നല്‍കി.
എന്നാല്‍ ക്രി. 1299ല്‍ മംഗോളിയരുടെ അപ്രതീക്ഷിത ആക്രമണത്തില്‍ അമീര്‍ അലാഉദ്ദീന്‍ വധിക്കപ്പെട്ടു. ഇതിനെതുടര്‍ന്ന് ഉസ്മാന്‍ സ്വതന്ത്രമായ ഭരണകൂടം സ്ഥാപിച്ചു. അങ്ങനെയാണ് ഉസ്മാനിയ ഖിലാഫത്തിന്റെ പിറവിയുണ്ടായത്.