സ്വര്‍ഗം ഖുർആനിൽ
ഐഹിക ജീവിതത്തിലെ കർമ്മങ്ങൾക്ക് പൂർണ്ണമായ പ്രതിഫലം നൽകുന്ന പരലോക ജീവിതത്തിലെ അന്തിമ ഇടങ്ങളാണ് സ്വർഗ്ഗവും നരകവും. സ്വര്‍ഗം ഖുർആനിൽ എന്ന ഈ ലേഖനം വിശ്വസിക്കുകയും സത്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്കായി ഒരുക്കപ്പെട്ട സ്വർഗ്ഗത്തിൻ്റെ വലുപ്പവും അവിടുത്തെ നിത്യമായ അനുഗ്രഹങ്ങളായ നദികൾ, തണലുകൾ, കട്ടിലുകൾ, പരിശുദ്ധ ഇണകൾ എന്നിവയെക്കുറിച്ച് വിശുദ്ധ ഖുർആൻ നൽകുന്ന മനോഹരമായ വിവരണങ്ങൾ ക്രോഡീകരിക്കുന്നു. കൂടാതെ, ഈ അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ സത്യവിശ്വാസികൾ പ്രകടിപ്പിക്കുന്ന സന്തോഷവും പ്രതികരണങ്ങളും ലേഖനത്തിൽ വായിക്കാം.
അതോടൊപ്പം സത്യനിഷേധികൾക്കും ധിക്കാരികൾക്കുമായി ഒരുക്കപ്പെട്ട നരകത്തിലെ ഭീകരമായ ശിക്ഷകളെക്കുറിച്ചും ഈ ലേഖനത്തിൽ വായിക്കാം. നരകത്തിൻ്റെ ചൂട്, അതിൻ്റെ ഏഴ് വാതിലുകൾ, മേൽനോട്ടം വഹിക്കുന്ന മലക്കുകൾ, നരകവാസികൾക്ക് ലഭിക്കുന്ന അഗ്നികൊണ്ടുള്ള വസ്ത്രങ്ങൾ, ചങ്ങലകൾ, വിലങ്ങുകൾ അവിടുത്തെ ആഹാരപാനീയങ്ങളായ സഖൂം വൃക്ഷഫലങ്ങളും ചലവും ചോരയും കലർന്ന നീര് എന്നിവയെപ്പറ്റിയെല്ലാമുള്ള ഖുർആനിക വചനനങ്ങൾ ലേഖനത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
സ്വര്‍ഗം
- വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തു കൂടി നദികളൊഴുകുന്ന സ്വര്‍ഗത്തോട്ടങ്ങളില്‍ നാം പ്രവേശിപ്പിക്കുന്നതാണ്. (4:57)
- സത്യവിശ്വാസികളോട് പറയപ്പെടും: നിങ്ങള്‍ സമാധാനത്തോടെ അതില്‍ പ്രവേശിച്ചു കൊള്ളുക. നിങ്ങളവിടെ ശ്വാശ്വതരാണ്. (50:34)
- അവര്‍ക്കു വേണ്ടതും അതില്‍ കൂടുതലും സ്വര്‍ഗത്തിലുണ്ട്. (50:35)
- അതിന്റെ വലുപ്പം ആകാശഭൂമികളുടേതാണ്. (3:133)
- അല്ലാഹുവിനെ ഭയപ്പെട്ടവന്ന് രണ്ടു തോട്ടങ്ങളുണ്ടാകും. (55:46)
- അവ രണ്ടിനും പുറമേ വേറെയും രണ്ടു സ്വര്ഗത്തോപ്പുകളുണ്ടാവും. (55:62)
- കടും പച്ചയണിഞ്ഞ രണ്ടു സ്വര്‍ഗത്തോപ്പുകള്‍. (55:64)
- എപ്പോഴുമുള്ള ഇടതൂര്‍ന്ന തണലുകളവര്ക്കുണ്ടാവും. (4:57)
- ആ തണലുകള്‍ അവര്‍ക്കു വേണ്ടി ചാഞ്ഞു നില്‍ക്കുന്നതായിരിക്കും. (76:14)
- അവരും ഇണകളും തണലുകള്‍ക്കു താഴെയായി അലങ്കരിച്ച കസേരകളിലായി ചാരിയിരിക്കും. (36:56)
സ്വര്‍ഗത്തിലെ പഴങ്ങള്‍
- എല്ലാതരം പഴങ്ങളും അവര്ക്കവിടെയുണ്ട.് (47:15)
- അവരിഷ്ടപ്പെടുന്ന പഴങ്ങളെല്ലാമുണ്ട്. (77:42)
- അവ ധാരളമുണ്ട്. (56:32)
- ഒരു പഴത്തിന്റെ തന്നെ ഇനങ്ങളുണ്ട്. (55:52)
- അവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പാകത്തില്‍. (56:20)
- അവ ഒരിക്കലും ലഭിക്കാതിരിക്കുകയോ തടയപ്പെടുകയോ ചെയ്യുകയില്ല. (56:32,33)
- പറിച്ചെടുക്കാന്‍ സൗകര്യമുള്ള രൂപത്തിലാണവ. (76:14)
- തികഞ്ഞ സമാധനത്തോടെ അതവര് ആവശ്യപ്പെട്ടു കൊണ്ടിരിക്കും. (44:55)
- പഴങ്ങള്‍ ഭക്ഷിച്ച ശേഷം വിശ്വാസികള്‍ പറയും: ഇതിനു മുമ്പ് ഞങ്ങളിതു രുചിച്ചിട്ടുണ്ടല്ലോ. സാദൃശ്യമുള്ളതാണ് അവര്‍ക്ക് നല്കപ്പെട്ടത്. (2:25)
വിവിധ തരം ഭക്ഷ്യ വിഭവങ്ങള്‍
- പൂതി തോന്നുന്ന പക്ഷി മാംസവും അവര്ക്കവിടെയുണ്ട.് (56:21)
- അവരാഗ്രഹിക്കുന്ന പഴവും മാംസവും അവര്‍ക്ക് നാം അധികം നല്‍കും. (52:22)
സ്വര്‍ഗത്തിലെ പാനീയങ്ങള്‍
- കുതിച്ചൊഴുകുന്ന അരുവികളുള്ള തോട്ടമുണ്ടവിടെ. (55:66)
- സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗത്തില്‍ മലിനമാവാത്ത വെള്ളത്തിന്റെ അരുവികളും, രുചിഭേദം വരാത്ത പാലിന്റെ അരുവികളും, ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളും അവര്‍ക്കു വേണ്ടി തയ്യാറാക്കപ്പെട്ടിട്ടുണ്ട്. (47:15)
- അതു കൊണ്ട് വല്ല ദോഷമോ ലഹരിയോ ബാധിക്കുകയില്ല. (37:47)
- പുണ്യവാന്മാര് സ്വര്‍ഗത്തിലെ പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്. കര്‍പ്പൂരമായിരിക്കും അതിന്റെ ചേരുവ. (76:5)
- ഇഞ്ചിനീരിന്റെ ചേരുവയുള്ള സല്സബീല് എന്ന ഉറവു വെള്ളവും അവര്‍ക്കു നല്കപ്പെടും. (76:17,18)
- കസ്തൂരിയാല്‍ മുദ്രവെക്കപ്പെട്ട ‘തസ്നീം’ ചേരുവയുള്ള ശുദ്ധമായ മദ്യത്തില്‍ നിന്നും അവര്‍ക്ക് കുടിക്കാന്‍ നലകപ്പെടും. (83:26-27)
- ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കോപ്പകളും കൂജകളും കൊണ്ട് ബാലന്മാര് അവര്‍ക്കു ചുറ്റും നടക്കും. (56:17,18)
- അളവു നിശ്ചയിച്ച വെള്ളിയുടെയും സ്ഫടികത്തിന്റെയും കോപ്പകളുമായും അവര്‍ നടക്കും. (76:15,16)
- സ്വര്‍ണത്തിന്റെ തളികകളും പാനപാത്രങ്ങളും അവര്‍ക്ക് ചുറ്റും കൊണ്ടു നടക്കപ്പെടും. (43:71)
സ്വര്‍ഗത്തിലെ അലങ്കാരങ്ങള്‍
സ്വര്‍ഗത്തിലെ കട്ടിലുകള്‍
- അവര്‍ അലങ്കരിക്കപ്പെട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. (36:56)
- സ്വര്‍ണ നൂലു കൊണ്ട് മെടഞ്ഞുണ്ടാക്കിയ കട്ടിലുകളില്‍. (36:15)
- ഉയര്ത്തിവെക്കപ്പെട്ടവ. (88:13)
- പരസ്പരം അഭിമുഖമായി ചാരിയാണവരിരിക്കുക. (56:16)
- അണിയണിയായി വെക്കപ്പെട്ട തലയണകളും വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ടവിടെ. (88:15,16)
- പച്ച നിറമുള്ള തലയണകളും അലങ്കരിക്കപ്പെട്ട പരവതാനികളുമാണവ. (55:76)
സ്വര്‍ഗത്തിലെ ബാലന്മാര്
- അനശ്വര ജീവിതം നല്കപ്പെട്ട ബാലന്മാര് അവര്‍ക്കു ചുറ്റും നടന്നു കൊണ്ടിരിക്കും. (76:19)
- സൂക്ഷിച്ചു വെക്കപ്പെട്ട മുത്തുകള്‍ പോലെയാണവര്‍. (52:24)
- അവരെ കണ്ടാല്‍ വിതറിയ മുത്തുകളാണെന്ന് തോന്നിപ്പോകും. (76:19)
സ്വര്‍ഗത്തിലെ വസ്ത്രങ്ങളും ആഭരണങ്ങളും
- സ്വര്‍ഗവാസികളുടെ വസ്ത്രം പട്ടായിരിക്കും. സ്വര്‍ണം കൊണ്ടുള്ള വളകളും മുത്തുകളും അവര്‍ക്കണിയിക്കപ്പെടും. (35:33)
- പച്ചപ്പട്ടു വസ്ത്രങ്ങള്‍ അവര്‍ക്കണിയിക്കപ്പെടും. (18:31)
- വെള്ളിവളകള്‍ അവര്‍ക്കണിയിക്കപ്പെടും. (76:21)
സ്വര്‍ഗത്തിലെ ഇണകള്‍
- പരിശുദ്ധരായ ഇണകളവര്ക്കുണ്ടാവും. (2:25)
- ഹൂറുല്‍ ഈന്കളെ അവര്‍ക്ക് നാം ഇണകളായി നല്‍കുകയും ചെയ്യും. (44:54)
- അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്. (55:70)
- കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍. (55:72)
- മനുഷ്യരോ ജിന്നോ മുമ്പ് അവരെ സ്പര്‍ശിച്ചിട്ടില്ല. (55:74)
- സൂക്ഷിക്കപ്പെട്ട മുത്തുകള്‍ പോലെ. (56:23)
- സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെ. (37:49)
- മാണിക്യവും പവിഴവും പോലെ. (55:58)
വിശ്വാസികള്‍ സ്വര്‍ഗത്തിലേക്ക്
- സത്കര്‍മങ്ങളാല്‍ മുന്നേറിയവര്‍. അവരാകുന്നു സ്വര്‍ഗത്തിലേക്ക് സാമീപ്യം നല്കപ്പെട്ടവര്. (56:10-13)
- അല്ലാഹുവിനെ സൂക്ഷിച്ചവര്‍ കൂട്ടം കൂട്ടമായി സ്വര്‍ഗത്തിലേക്കു നയിക്കപ്പെടും. അതിന്റെ കവാടങ്ങള്‍ അവര്‍ക്കു വേണ്ടി തുറക്കപ്പെടും. (39:73)
- സ്വര്‍ഗത്തിന്റെ കാവല്‍ക്കാരായ മലക്കുകള്‍ അവരോടു പറയും: നിങ്ങള്‍ക്കു സമാധാനം. നിങ്ങള്‍ സംശുദ്ധരാണ്.അതിനാല്‍ നിത്യവാസികളായി നിങ്ങള്‍ സ്വര്‍ഗത്തിലേക്ക് പ്രവേശിച്ചു കൊള്ളുക. (39:73)
- നിര്‍ഭയരായി ശാന്തിയോടെ പ്രവേശിച്ചു കൊള്ളുക എന്നവര്‍ ആശംസിക്കപ്പെടും. (15:46)
- അന്ന് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ അവര്‍ക്കുള്ള അഭിവാദ്യം സലാം ആയിരിക്കും. (33:44)
- അവര്‍ പറയും: നമ്മോട് വാഗ്ദാനം നിറവേറ്റുകയും സ്വര്‍ഗത്തില്‍ നാമുദ്ദേശിക്കുന്ന സ്ഥലത്ത് താമസിക്കാവുന്നവിധത്തില് സ്വര്‍ഗത്തെ സംവിധാനിക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി. (39:74)
- അവര്‍ പറയും: ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ച നാഥാ നിനക്ക് സ്തുതി, നീ ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങള്‍ ഒരിക്കലും ഈ സന്മാര്ഗം പ്രാപിക്കില്ലായിരുന്നു. (7:43)
- അല്ലാഹു പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഈ സ്വര്‍ഗം നിങ്ങള്‍ക്ക് നാം അവകാശപ്പെടുത്തിത്തന്നിരിക്കുന്നു. (7:43)
- അവര്‍ പറയും: അല്ലാഹുവേ നിനക്ക് സ്തുതി. (10:10)
നരകം
അല്ലാഹു അക്രമികളോട് പറയും: നിങ്ങള്‍ നിഷേധിച്ചിരുന്ന നരക ശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക. (32:20)
- അതെന്താണെന്ന് നിനക്കറിയുമോ?. (101:10)
- ചൂടേറിയ നരകാഗ്നിയത്രേ അത്. (101:11)
- നരകാഗ്നി ചൂടിന്മേല്‍ ചൂടുള്ളതാണ്. (9:81)
- ആളിക്കത്തുന്ന തീ. (92:14)
- ജ്വലിപ്പിക്കപ്പെടുന്ന അഗ്നിയാണത്. (104:6)
- ഏഴു വാതിലുകളുണ്ടതിന്. (15:44)
- ശക്തമായ ഭിത്തികളും, പടികളും. (18:29)(4:145)
- അതിന്റെ മേല്‍നോട്ടത്തിന് പത്തൊന്‍പത് പേരുണ്ട്. (74:30)
- കെട്ടിടം കണക്കെ ഉയരമുള്ള തീപ്പൊരി അതില്‍ നിന്നു തെറിച്ചു കൊണ്ടിരിക്കും. (77:32)
- മഞ്ഞ ഒട്ടകക്കൂട്ടങ്ങളെപ്പോലെയുള്ള തീപ്പൊരി. (77:33)
- തണുപ്പോ സുഖമോ ഇല്ലാത്ത കരിമ്പുകയുടെ തണലിനു കീഴിലാണു നരകം. (56:43,44)
- അത് തണല്‍ നല്കുന്നതോ തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്കുന്നതോ അല്ല. (77:31)
- കുറ്റവാളികള്‍ നരകം നേരില്‍ കാണും. തങ്ങള്‍ അതില്‍ അകപ്പെടാന്‍ പോവുകയാണെന്ന് അവര്‍ മനസ്സിലാക്കും. രക്ഷപ്പെടുവാന്‍ ഒരു മാര്‍ഗവും അവര്ക്കന്നുണ്ടാവില്ല. (18:53)
- അവര്‍ അവിശ്വസിക്കുകയും ദൃഷ്ടാന്തങ്ങളെയും ദൂതന്മാരെയും പരിഹസിക്കുകയും ചെയ്തതിനുള്ള പ്രതിഫലമത്രെ ഈ നരകം. (18:106)
- നരകം ചീത്തയായ താവളവും പാര്‍പ്പിടവും തന്നെയാണ്. (25:62).
- നാണക്കേടിനാല്‍ തലകുനിച്ചവരായി അവര്‍ നരകത്തിനു മുന്നില്‍ ഹാജരാക്കപ്പെടും. ഭയത്താല്‍ ഒളികണ്ണിട്ടു കൊണ്ട് അവര്‍ നരകത്തെ നോക്കും. (42:45)
- അങ്ങനെ അതവര്‍ക്ക് തുറന്നു കാണിക്കപ്പെടും. (26:91)
- ഇതാ നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്കപ്പെട്ടിരുന്ന നരകം!. (36:63)
- സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്കു നയിക്കപ്പെടും. നരകത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നു കൊണ്ട് കാവല്‍ക്കാരായ മലക്കുകള്‍ അവരോട് ചോദിക്കും: അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്ന, ഈ ദിവസത്തെപ്പറ്റി താക്കീതു നല്കുന്ന ദൂതന്മാര് നിങ്ങള്‍ക്കു വന്നിരുന്നില്ലേ?. (39:71)
- അവര്‍ പറയും: അതേ ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. പക്ഷേ ഞങ്ങളവരെ നിഷേധിച്ചു തള്ളി. (67:9)
- അല്ലാഹു കല്പിക്കും: സത്യനിഷേധികളെയും ധിക്കാരികളെയും നരകത്തിലിട്ടേക്കുക. (50:24)
- എന്നിട്ട് കുറ്റവാളികളുടെ കുടുമകളിലും പാദങ്ങളിലും പിടിക്കപ്പെടും. (55:41)
- അങ്ങനെ അവര്‍ മുഖം കുത്തി നരകത്തിലേക്കു് എറിയപ്പെടും. (27:90)
- നരകത്തിലേക്ക് എറിയപ്പെട്ടാല്‍ അതിന്നവര്‍ ഒരു ഗര്‍ജനം കേള്‍ക്കുന്നതാണ്. (67:8)
- അത് തിളച്ചു മറിയുകയും കോപം നിമിത്തം പൊട്ടിപ്പിളര്‍ന്ന് പോകുമാറാവുകയും ചെയ്യും. (67:8)
- അല്ലാഹു നരകത്തോട് ചോദിക്കും: ഹേ നരകമേ നീ നിറഞ്ഞുവോ? നരകം മറുപടി പറയും: ഇനിയുമുണ്ടായിരുന്നെങ്കില്‍!. (50:30)
- ജിന്നുകളെയും മനുഷ്യരെയും കൊണ്ട് നാം നരകം നിറക്കുക തന്നെ ചെയ്യും. (32:13)
- കുറ്റവാളികളുടെ മേല്‍ നരകം അടച്ചു മൂടപ്പെടും. (104:8)
നരകത്തിലെ ശിക്ഷകള്‍
നരകത്തിലെ ആഹാരപാനീയങ്ങള്‍
- ആമാശയത്തെ ഉരുക്കിക്കളയുന്ന കൊടും ചൂടൂവെള്ളം അവര്‍ക്ക് കുടിക്കാന്‍ നല്കപ്പെടും. (47:15)
- അതവരുടെ തലക്കു മീതെ ഒഴിക്കപ്പെടും.അങ്ങനെ അവരുടെ ചര്‍മങ്ങളും വയറുകളിലുള്ളതും ഉരുകിപ്പോകും. (22:19,20)
- ചലവും ചോരയും കലര്‍ന്ന നീരില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്കപ്പെടും. അവനത് കുടിക്കാന്‍ ശ്രമിക്കുമെങ്കിലും തൊണ്ടയില്‍ നിന്നത് താഴേക്കിറക്കാന്‍ കഴിയില്ല. (14:16,17)
- മരണപ്പെടുകയാണെന്നവനു തോന്നും. എന്നാല്‍ മരണപ്പെടുകയില്ല തന്നെ. (14:17)
- നരകവാസികള്‍ വെള്ളത്തിനു വേണ്ടി കേഴും. അപ്പോള്‍ ഉരുക്കിയ ലോഹം പോലെയുള്ള വെള്ളം അവര്‍ക്ക് കുടിക്കാന്‍ നല്കപ്പെടും. അതവരുടെ മുഖങ്ങളെ എരിച്ചു കളയും. (18:29)
- നരകത്തില്‍ കുറ്റവാളികളുടെ ആഹാരം ഉരുകിയ ലോഹം പോലെയുള്ള സഖൂം വൃക്ഷത്തിന്റെ ഫലമായിരിക്കും. (44:42-44)
- നരകത്തിന്റെ അടിത്തട്ടില്‍ നിന്ന് മുളച്ചുപൊന്തുന്ന ഒരു വൃക്ഷമാണത്. അതിന്റെ കുലകള്‍ പിശാചുക്കളുടെ തലകള്‍ പോലെയാണ്. ആ കനി കൊണ്ട് അവര്‍ വയര്‍ നിറക്കും. (37:64-66)
- ചൂടുവെള്ളം തിളയ്ക്കുന്നതു പോലെ അത് വയറുകളില്‍ തിളച്ചു മറിയും. (44:44-46)
- ശേഷം ചുട്ടു തിളക്കുന്ന വെള്ളം അവര്‍ക്കു നലകപ്പെടും. (37:67)
- ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നതു പോലെ അവരത് കുടിക്കും. (56:55)
- പോഷണം നല്‍കാത്ത, വിശപ്പിന് ശമനം നല്‍കാത്ത മുള്‍ച്ചെടിയില്‍ നിന്ന് അവര്‍ ഭക്ഷിക്കും. (88:6,7)
- പ്രതിഫല നാളില്‍ അവര്‍ക്കുള്ള സത്കാരമത്രേ അത്!. (56:56)
നരകത്തിലെ വസ്ത്രം
- അഗ്നികൊണ്ടുള്ള വസ്ത്രങ്ങള്‍ അവര്ക്കണിയിക്കപ്പെടൂം. (22:19)
- ടാറു കൊണ്ടുള്ള കുപ്പായങ്ങളും. (14:50)
- അവര്‍ക്കുള്ള മെത്തകളും പുതപ്പുകളും നരകാഗ്നിയാലുള്ളതാണ.് (7:41)
- അവരുടെ മുകള്‍ ഭാഗത്തും താഴ്ഭാഗത്തും തീയിന്റെ തട്ടുകളായിരിക്കും. (39:16)
നരകത്തിലെ ശിക്ഷകള്‍
- സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്. (2:104)
- ഇളവ് നല്കപ്പെടാത്ത, ഇട നല്കപ്പെടാത്ത ശാശ്വതമായ ശിക്ഷ. (2:162)
- അപമാനകരമായ ശിക്ഷയാണത്. (3:178)
- സഹായികളായി അവര്‍ക്കാരും തന്നെ ഉണ്ടാവുകയില്ല. (3:91)
- സഹ്യത കെട്ട് പുറത്തു പോകാന്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അവര്‍ അതിലേക്കു തന്നെ മടക്കപ്പെടുന്നതാണ്. (22:22)
- കുറ്റവാളികള്‍ ചങ്ങലകളില്‍ അന്യോന്യം ചേര്‍ത്തു ബന്ധിക്കപ്പെടും. (14:49)
- എഴുപതു മുഴം നീളം വരുന്ന ചങ്ങലകള്‍. (69:32)
- അവര്‍ക്കു വിലങ്ങു വെക്കപ്പെടും. (76:4)
- കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളുമായി അവര്‍ വലിച്ചിഴക്കപ്പെടും. (40:71)
- ശിക്ഷയ്ക്കു മേല്‍ ശിക്ഷ നല്കപ്പെടുകയും ചെയ്യും. (16:88)
- സത്യനിഷേധികള്‍ നരകത്തില്‍ കരിക്കപ്പെടും. (4:56)
- അവരുടെ തൊലികള്‍ വെന്തു പോവുമ്പോഴെല്ലാം അവര്‍ക്കു വേറെ തൊലികള്‍ നല്കപ്പെടും, ശിക്ഷ അവര്‍ അനുഭവിക്കുവാന്‍ വേണ്ടി. (4:56)
- മറ്റു പല ഇനം ശിക്ഷകളുമുണ്ടവിടെ.(38:58)
നരകവാസികളുടെ സംസാരങ്ങള്‍
- നരകവാസികള്‍ തമ്മില്‍ ശണ്ഠകൂടുന്നതാണ് (38:64)
- അവര്‍ പറയും: കുഴപ്പക്കാരായി നാം കരുതിയിരുന്ന പലരെയും ഇവിടെ കാണുവാനില്ലല്ലോ?. (38:62)
- നമ്മളവരെ അബദ്ധത്തില്‍ കളിയാക്കിയതാണോ? അതോ ഇനിയവരെ നാം കാണാഞ്ഞിട്ടാണോ?. (38:63)
- അവര്‍ പറയും: അല്ലാഹുവേ ഞങ്ങള്‍ ഞങ്ങളിലെ നേതാക്കന്മാരെയും പ്രമുഖരെയുമാണ് അനുസരിച്ചിരുന്നത്. അവരാണ് ഞങ്ങളെ വഴിതെറ്റിച്ചത്. (33:67)
- ഞങ്ങള്‍ക്കെങ്ങാനും ഭൂമിയിലേക്ക് തിരിച്ചു പോകാനൊരവസരം ലഭിച്ചാല്‍ നേതാക്കള്‍ ഇന്നുഞങ്ങളെ കൈ വെടിഞ്ഞ പോലെ ഞങ്ങളവരെയും കൈ വെടിഞ്ഞേനെ. (2:167)
- അതുകൊണ്ട് നാഥാ നീ അവര്‍ക്ക് ഇരട്ടി ശിക്ഷ നല്കേണമേ. (33:68)
- അവര്‍ നേതാക്കന്മാരോടു പറയും: ഞങ്ങള്‍ നിങ്ങളെ പിന്തുടര്ന്നു ജീവിക്കുകയായിരുന്നു. അതുകൊണ്ട് നരകശിക്ഷ ലഘൂകരിക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?. (40:47)
- അവര്‍ മറുപടി നല്‍കും: അല്ലാഹു ദാസന്മാര്ക്കിടയില് വിധി കല്പിച്ചു കഴിഞ്ഞു. അതിനാല്‍ നാമിനി ഇതില്‍ തന്നെയാകുന്നു. (40:48)
- അങ്ങനെ തര്‍ക്കത്തിനിടെ അവര്‍ പറയും: അല്ലാഹുവാണ, നമ്മള് വഴികേടില്‍ തന്നെയായിരുന്നു. (26:96,97)
- സത്യനിഷേധികള്‍ പറയും: നാഥാ ഞങ്ങളെ സത്യത്തില്‍ നിന്നു തെറ്റിച്ച ജിന്നുകളെയും മനുഷ്യരെയും നീ കാണിച്ചു തരേണമേ, അവരെ നിന്ദ്യരാക്കാന്‍ വേണ്ടി ഞങ്ങളവരെ കാലുകൊണ്ട് ചവിട്ടട്ടെ. (41:29)
- അവര്‍ നരകത്തിന്റെ കാവല്‍ക്കാരോട് പറയും: നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ച് ഒരു ദിവസത്തെ ഞങ്ങളുടെ ശിക്ഷയെങ്കിലും കുറച്ചു തരുമോ?. (40:49)
- സത്യനിഷേധികള്‍ പരസ്പരം കുറ്റമാരോപിക്കും. അവര്‍ പറയും: നിങ്ങളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ വിശ്വാസികളായിരുന്നേനെ. (34:31)
- സത്യനിഷേധികള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, നീ ഈ നരകത്തില്‍ നിന്ന് ഞങ്ങളെയൊന്ന് പുറത്തു കൊണ്ടു വരണേ, ഇനി ഞങ്ങള്‍ ദുര്‍മാര്‍ഗത്തിലേക്ക് മടങ്ങുകയില്ല. (23:107)
- അപ്പോള്‍ അല്ലാഹു പറയും: നിങ്ങള്‍ അവിടെത്തന്നെ നിന്ദ്യരായി കഴിയുക. എന്നോട് മിണ്ടിപ്പോകരുത്. (23:108)
നരകവാസികളും സ്വര്ഗവാസികളും തമ്മിലുള്ള സംഭാഷണം
- നരകാവകാശികള്‍ വിളിച്ചു പറയും: ഞങ്ങള്‍ക്ക് അല്പം വെള്ളം തരുമോ? നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് കുറച്ച് തരുമോ?. (7:50)
- സ്വര്‍ഗവാസികള്‍ പറയും: അവയെല്ലാം അല്ലാഹു സത്യ നിഷേധികള്‍ക്ക് തീര്‍ത്തും വിലക്കിയിരിക്കുകയാണ്. (7:50)
- സ്വര്‍ഗവാസികള്‍ ചോദിക്കും: എന്തുകൊണ്ടാണ് നിങ്ങള്‍ നരകത്തിലായത്?. (74:42)
- നരകത്തിലുള്ളവര്‍ പറയും: ഞങ്ങള്‍ നമസ്കരിക്കാറില്ലായിരുന്നു, അഗതികള്‍ക്ക് ഭക്ഷണം നല്കാറില്ലായിരുന്നു. (74:43,44)
അഅ്റാഫുകാര്‍
- സ്വര്‍ഗത്തിനും നരകത്തിനും ഇടയിലുള്ള ഉന്നത സ്ഥലങ്ങളില്‍ ചിലരുണ്ട്. സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ലാത്ത, അതിനു വേണ്ടി ആശിച്ചിരിക്കുന്ന ആളുകള്‍. അവര്‍ സ്വര്‍ഗവാസികളോട് വിളിച്ചു പറയും: നിങ്ങള്‍ക്ക് സമാധാനം!. (7:46)
- നരകവാസികളെ കാണുമ്പോള്‍ അവര്‍ അല്ലാഹുവിനോട് പറയും: നാഥാ ഞങ്ങളെ നീ അക്രമികളുടെ കൂട്ടത്തിലാക്കരുതേ. (7:47)

